കണ്ണൂർ: ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാല അനുമതി നിഷേധിച്ചതിൽ പ്രതിഷേധവുമായി എസ്എഫ്ഐ. പാലയാട് ക്യാമ്പസിൽ തിങ്കളാഴ്ച രാവിലെ 11.30ന് നടത്താൻ നിശ്ചയിച്ച പരിപാടിക്കാണ് സർവകലാശാല അനുമതി നിഷേധിച്ചത്.
വൈസ് ചാൻസലറുടെ മുൻകൂർ അനുമതി ലഭിച്ചിട്ടില്ലെന്ന് ക്യാമ്പസ് ഡയറക്ടർ അറിയിച്ചു. എന്നാൽ പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. നിശ്ചയിച്ച സമയത്ത് തന്നെ ഷീ ഫെസ്റ്റ് നടത്തുമെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജോയൽ തോമസ് പറഞ്ഞു.
അതേസമയം പരിപാടി തടയില്ലെന്ന് സർവകലാശാല വ്യക്തമാക്കി. എന്നാൽ അനുമതിയില്ലാതെ പരിപാടി നടത്തിയാൽ വിദ്യാർഥികളിൽ നിന്ന് വിശദീകരണം തേടാനാണ് സർവകലാശാലയുടെ തീരുമാനം.